Saturday, March 26, 2011

ഉടുംബുന്തലക്കാരുടെ  പണ്ടത്തെ പുതിയാപ്പളമാര്‍  
ആദ്യത്തെ കത്തലും
ആട്ടിന്‍റെ  തലേം


"ഇതങ്ങോട്ടൊന്നു  കയിക്കെന്‍റെ  പുതിയാപ്പളേ...!"

ആവി പറക്കുന്ന ആട്ടിന്‍റെ  തലേന്‍റെ   ഒരു  ഭാഗം കയ്യോണ്ട്  പറിച്ചെടുത്തു  പുതിയാപ്പിളന്‍റെ   നേരെ നീട്ടുന്നു പുതിയെണ്ണിന്‍റെ  കാരണവര്‍.

നിലത്തു  വിരിച്ച  സുപ്രയില്‍  തളികമേലിരിന്നു സകലരേയും നോക്കി വിരട്ടുന്ന ആട്ടിന്‍റെ   തല കണ്ടു   തല  തരിച്ചിരിക്കുന്ന പുതിയാപ്പളനെ  പുതിയെണ്ണിന്‍റെ  കാരണവര്‍  ആട്ടിന്‍തല  തുന്നിക്കാന്‍ പാടുപെടുകയാണ്.












മങ്ങലം  കയിഞ്ഞയിന്‍റെ  പിറ്റേ ദിവസമാണ് 
"ആദ്യത്തെ കത്തല്‍"(The Grand Breakfast).

സുപ്രയില്‍  നിരത്തിവെച്ചിരിക്കുന്ന സകലതിനെയും വെല്ലുവിളിച്ചുകൊണ്ട്  തളികയിരിരുന്നു വിരാജിക്കുകയാണ്  ഉടുംബുന്തലക്കാരുടെ ആദ്യത്തെ  കത്തലിന്‍റെ     എക്കാലത്തെയും   താരമായ ആട്ടിന്‍റെ  തല!

പല പല തളികയിലായി ഒട്ടനവധി  അട്ടികളുണ്ട്  പത്തില്‍.

ആവി  ചുറ്റിപ്പറക്കുന്ന നെയ്‌ചോറിന്റെ   കുന്നുകള്‍  വേണ്ടതിലധികം.

ഒന്നാന്തരം  പോയമീന്‍ കറികള്‍  തൈക്കിച്ചികളില്‍ നിറഞ്ഞു  തുളുമ്പിയിരിക്കുന്നു: ഇരിമീനും നോങ്ങോലും കൊയലയും ഒക്കെ  സുപ്രയിലേക്ക്  കരകയറി എത്തിയിട്ടുണ്ട് !


സകലതിന്‍റെയും പൊരിച്ച  പതിപ്പുകള്‍ വേറെ!

കോയീന്റെ കറിക്ക്  പിന്തുണ നല്‍കാന്‍ കോയി  വറവും  അയിന്റെ മേലിക്ക്  കോയി പോരിച്ചോം. ആട്ടെറച്ചിക്കറി  നിറച്ച  സാണുകളും  നിരവധി.

നെയിചോറ്റിന്റെ കഞ്ഞി നിറച്ച കാസകള്‍ അവിടെയും ഇവിടെയുമായി നിരന്നുപരന്നു ആവി പറത്തുന്നു!

ചെറിയ ചെറിയ വസികളില്‍, സകലതിനേയും ദഹിപ്പിച്ചു  വിടാനോരുങ്ങി  പച്ചമൊളോം  സവാളയും സുര്‍ക്കയും  ചേര്‍ന്ന   അത്യുഗ്രന്‍    കച്ചംബര്‍ കൂട്ടുകെട്ടും!

*       *       *

"ഞമ്മളെ  അയലോതീലെ പുതിയാപ്പള  എന്തേ  മുട്ടക്കൂസ്  എടുത്തു  കൂട്ടാത്തഉ...!"   ഉടുംബുന്തലക്കാരുടെ  ആദ്യത്തെ  കത്തലിനു   അയലോതീലെ    പുതിയാപ്പളമാരെ ക്ഷണിക്കാതിരിക്കുന്നതു  തീര്‍ത്തും അസംഭവ്യം.  സ്വന്തം പുതിയാപ്പളയോട്  കിടപിടിക്കുന്ന വിവിഐപ്പികളാണ്  അയലോതീലെ പുതിയാപ്പളമാരും!  (പിരിശം ബെക്കണ്ടത്  എങ്ങനേന്നു കണ്ടുപഠിക്കണം പണ്ടത്തെ ഉടുംബുന്തലക്കാരില്‍നിന്ന് !)

"തക്കാരം  തുന്നുമ്പം  ബര്‍ത്താനം  പറയണം, അതാന്ന്  സുന്നത്ത് ...!"
ആട്ടിന്‍റെ   തലേമ്മെ  ബലത്തില്‍  കയറിപ്പിടിച്ചുംകൊണ്ട്  ഒരു കാരണവര്‍  ഡയലോഗൊന്നു വീശുന്നു.

ഉടുംബുന്തലക്കാരുടെ  ആദ്യത്തെ കത്തല്‍  ചിരിതമാശകള്‍ നിറഞ്ഞു തുളുമ്പുന്ന ഒരു  കൂട്ടായ്മയാണ് :  കാരണവന്മാര്‍  പൊട്ടിച്ചിരിയുടെ  ഗുണ്ടുകളും മാലപ്പടക്കങ്ങളും  തുടരെത്തുടരെ കൊളുത്തിപ്പൊട്ടിക്കുന്ന ചിരികളിയുടെ ഒരു മഹാപൂരം!

"അന്തുറുമാന്‍ പുതിയാപ്പളയെന്തേ  ഒലക്ക ബിദിങ്ങിയ മാതിരി അന്തിച്ചിരിക്കുന്നഉ...! ആട്ടിന്‍റെ   തല ബെച്ചു  മാട്ടാന്‍നോക്കാണ്ട്...!" 

"എനക്ക്  ഒജാറുള്ള  കാലത്ത്  മുന്നി കൊണ്ടച്ച  യെന്തും ഞമ്മ ബെച്ചു മാട്ടിക്കൊടുക്കും...! ഇപ്പൌണ്ടാ  അയിനു കയ്യിന്നു...ഇപ്പം ഒന്നും ബാക്കിബെക്കൂല്ലാന്നു മാത്രം...!"

"ലണ്ടും  ഒന്നന്നല്ലേയെന്‍റെ പുയ്യാപ്പളേ...!"


"ഇപ്പളത്തെ  നെയ്‌ചോറ്റിന്‍റെ  അരി  ബെറും പിണ്ണാക്കല്ലേന്നു...!
പണ്ടെല്ലം നെയ്‌ചോറ്  കോയിക്കോട്ട്‌  ബെച്ചാ  ഈടെയിള്ള
ഞമ്മക്ക്  ബായ്യീന്നു  ബെള്ളം ബരും...!"

"ഇപ്പളത്തെ  പസൂനെയ്യോ...? പോത്തിന്റെ  നെയ്‌  എടുത്തിറ്റ് 
അബരെന്താക്കും?...പസൂനെയ്യാക്കും...!"

*       *       *


"പനിനീര്‍പ്പെട്ടി  ബയ്യെ  തുന്നണ്ടെ  സാദനാന്ന്‌   ഞമ്മളെ  പുയ്യാപ്ലക്ക്  പുടികിട്ടീറ്റില്ലാന്ന്‌  തോന്നുന്ന്...! അയിനു  മുന്നിക്ക്   നെയ്‌ച്ചോറ്റിന്‍റെ കഞ്ഞി  കുടിച്ചാലേ  ശങ്ങതി  ജോര്‍ ബാറാഊ ..!"

"ഇപ്പൊരക്ക്  നിന്ന്  പെയക്കനോങ്കില്  പുദിയാപ്പള  ദെബസ്സോം  ചുരുങ്ങിയെഉ  രണ്ടു  ആട്ടിന്‍റെ    തലേങ്കിലും     തുന്നെണ്ടിബരും...!"

ഉടുംബുന്തലക്കാരുടെ  ആദ്യത്തെ  കത്തല്‍  തീരുമ്പോഴേക്കും 
നമ്മുടെ പുതിയാപ്പള   ആകെ  നനഞ്ഞ    ഒരു   ആട്ടിന്‍റെ    പരുവത്തിലായിത്തീര്‍ന്നിരിക്കും!

*       *       *       *       *       *       *       *       *       *       *       *

ബാക്ക്യാക്കുന്ന   എളയ 

"ഇന്നെന്‍റെളെയ  രണ്ടു മുട്ടെ ബാക്ക്യാക്കീണ്ടാ...! ഒന്നര ഞാന്‍ തുന്നിറ്റ് ബാക്കി കൊതിച്ചി നബീസൂനും കൊടുത്ത്‌...!"

"യെന്‍റെളയ ഒരു മുട്ടേ ബാക്ക്യാക്കീറ്റ്ലൂ... അതെനക്ക്  തുന്നാനേ ഇണ്ടായിട്ട്ളൂ...! "


ഉടുംബുന്തലക്കാരുടെ  പണ്ടത്തെ പുതിയാപ്പളമാര്‍ 
അതിരാവിലെ തന്നെ തട്ടും ഇങ്ങനത്തെ 
നാടന്‍ മുട്ടകള്‍










ഉടുംബുന്തലയിലെ  പണ്ടത്തെ "പുതിയാപ്പളമാര്‍" മടിയൊട്ടും കൂടാതെ സോബീക്ക്  തന്നെ മുട്ട തട്ടുന്നതില്‍ വീരന്മാരാണ്.
എങ്ങനെ തട്ടാതിരിക്കും! പൊലച്ചക്കൂറ്റിനുതന്നെ അമ്മായി (Mother -in -law ) നാല്  മുതല്‍ ഏഴു വരെ കോയീന്റെ മുട്ട പൂങ്ങി തൈക്കിച്ചിയിലാക്കി പുതിയെണ്ണിന്‍റെ   കയ്യില്‍ കൊടുത്തയക്കും.


പോരാത്തതിന്  ഒരത്യുഗ്രന്‍   "മുട്ടച്ചായ" ബേറെയും!


പുതിയെണ്ണ്  കട്ടിലില്‍ മുട്ടിയും തട്ടിയും മുട്ട പൊട്ടിച്ചിറ്റ് ഉരിയും. എന്നിറ്റു അയിന്റെമേലെ ഉപ്പും  കുരുമൊളോം ബിതരീറ്റ്  മാപ്ലക്ക്  ബെച്ചാട്ടും.


"ഇതെല്ലം യെന്‍റെ മോള്  സൂച്ചിച്ചിറ്റ്  ചെയ്യണം, പുതിയാപ്പളനെ ഇട്ടു 
ബേസാറിലാക്കാതെ!" കട്ടിലില്‍ ഇട്ടു മുട്ട തട്ടുമ്പോള്‍  പുതിയെണ്ണിന്   ഉമ്മാന്‍റെ വയള് പറച്ചില്‍ ഓര്‍മ്മവരുന്നു.

തൈക്കിച്ചിയില്‍ മുട്ട ഏഴു കണ്ടാല്‍ ഉടുംബുന്തലക്കാരുടെ ഉശിരന്‍  പുതിയാപ്പള അതിലഞ്ചണ്ണമെങ്കിലും തട്ടി രണ്ടെണ്ണം "ബാക്ക്യാക്കും!" 


ആറെണ്ണം കണ്ടാല്‍ നാല് തട്ടി രണ്ടെണ്ണം ബാക്ക്യാക്കും. 


അഞ്ചു ബെച്ചാലും നാലെണ്ണമേ തട്ടൂ.  


തൈക്കിച്ചിയില്‍ മുട്ട നാലേ ബെച്ചിട്ടുള്ളൂവെങ്കില്‍ മൂന്നു തട്ടി ഒന്ന്  ബാക്ക്യാക്കും. ബെച്ചത്  മൂന്നെങ്കില്‍ രണ്ടു തട്ടി ഒന്ന്  ബാക്ക്യാക്കും.


ഇനി  ദാരിദ്ര്യം പിടിച്ച  അമ്മായി  മുട്ട രണ്ടേ ബെച്ചിട്ടുള്ളൂന്നു ബിച്ചാരിക്കു!

എന്നാലും ഉടുംബുന്തലക്കാരുടെ ഉശിരുള്ള പുതിയാപ്പള  മുട്ടയൊന്നു മാത്രം തട്ടി മുട്ടയൊന്നു ബാക്ക്യാക്കിയിരിക്കും!


" പക്കേങ്കില്  ഒരു ശോദ്യം  ചോയിക്കുന്നയില്  ബിരോദം ഇല്ലെങ്കില് : തൈക്കിച്ചീല് ഒരു മുട്ടെ മാത്രം ബെച്ചാല്‍  ഉടുംബുന്തലക്കാരുടെ  പോരിശയാക്കപ്പെട്ട ഈ ' പുദിയാപ്പള ' എന്താണ്  കാട്ടാമ്പോന്നത് ? "


ഉടുംബുന്തലക്കാരുടെ ലമണ്ടന്‍ പുതിയാപ്പളമാരെ കണ്ണില്‍ പിടിക്കാത്ത ഏതോ മൊരടന്    ഒടുക്കത്തെ ഒരു  തംശയം!


മറുപടിക്ക്  പത്തര മാറ്റിന്‍റെ തിളക്കമാണ് : "ഉടുംബുന്തലക്കാരുടെ ലങ്കുള്ള പുതിയാപ്പള അതു തുന്നാതെ തേച്ചും ബാക്ക്യാക്കും!"


എന്തിനാണ്  ഉടുംബുന്തലക്കാരുടെ പുതിയാപ്പള ഇങ്ങനെ  "ബാക്ക്യാക്കി"ക്കളിക്കുന്നത് ?!
ഒന്നാമതായി,  കൊണ്ടുവെച്ചതെല്ലാം  "ബിദ്ങ്ങി" പാത്രം കാലിയാക്കുന്നത്  ഉടുംബുന്തലക്കാരുടെ  പുതിയാപ്പളമാരുടെ രീതിയല്ലെന്നതിനു ചരിത്രം സാക്ഷി.

"തുന്നാന്‍  കൊണ്ടച്ച" എന്തും കൊറച്ചു  ബാക്ക്യാക്കുന്നതാണ് 
മാന്യത. 

കൂടാതെ, അറയുടെ പുറത്തു  ഒരു കൊച്ചു ആര്‍ത്തിപണ്ടാരം കൊതി ഒലിച്ചിറങ്ങുന്ന കണ്ണുകളുമായി കാത്തിരിക്കുന്നുണ്ടെന്ന   കാര്യം    ഏതോരു  "എളയാക്കും" നന്നായിട്ടറിയാം.


ഇത്തരം എളയമാരുടെ കൊച്ചളിയന്‍മാരാണ് മദ്രസ്സയില്‍ ഉഷാറോടെ ഓടിക്കിതച്ചെത്തി 
ഏതു എളയമാരുടെയും ഖല്‍ബ്‌ കുളിര്‍പ്പിക്കുന്ന  ഇമ്മാതിരിയൊരു ഡയലോഗ്  വീശുന്നത് :
" ഇന്നെന്റെളയ രണ്ടു മുട്ടെ ബാക്ക്യാക്കീണ്ടാ...!"


*       *       *       *       *       *       *       *       *       *       *


നീയാ   ബായല്  ചാര് ...!


"മോളെ  നീയീ നെയ്‌ചോറ്റിന്‍റെ കഞ്ഞി കാസയിലാക്കീറ്റ്  അറെയില്  കൊണ്ടോയിറ്റ് 
ബെക്ക്... "

കത്തലിനു മുമ്പ്  ഒരരക്കാസ നെയ്‌ചോറ്റിന്‍റെ  കഞ്ഞി  നെയ്യിട്ടു  വീശുന്നത്  പുതിയപ്പളക്ക്  പെരുത്തിഷ്ടമാണെന്നു അമ്മായിക്കറിയാം. 

"അയിനു  ഓറെ അറേല്  കാണ്ന്നില്ലലുമ്മാ...!"


"പുതിയാപ്പള കീഞ്ഞു പോന്നതോ മറ്റോ നീ കണ്ടിനാമോളെ...ചൊളീലോ മറ്റോ ഇണ്ടോന്നൊന്നു നോക്ക്യേ...!

പുതെയെണ്ണ്  പൊരയിലാകെ പരതീറ്റും നോക്കീറ്റും പുതിയാപ്പളന്‍റെ പൊടി പോലും കാണുന്നില്ല.

"അങ്ങനെ പറയാതെ മൂപ്പര്  പോവൂല്ലല്ല...നീയെന്തെങ്കിലും കൊയപ്പം ഇണ്ടാക്ക്യാ പൊട്ടത്തിക്കുഞ്ഞീ...!"

"ഞാന്   അറന്റെ  ഉള്ളുന്ന്  മുടീല്  പൂഎണ്ണ  തെക്കുമ്പോ ഓറ്  എന്തോ പറേന്നുണ്ടായിരിന്ന്...ശരിക്കും കേട്ടിറ്റില്ല...!"

"എന്‍റെ  മെഇതീന്‍ശേക്ക്  തങ്ങളേ...ഞാനെന്തുന്നുമ്മായീകേക്കുന്നു...നീ പുതിയാപ്പിളനെ
ചൊടിപ്പിച്ചു ബിട്ടില്ലേ...പറഞ്ഞാല്‍ കൂട്ടാക്കാത്ത തലതിരിഞ്ഞോളേ...ഓറ് എന്തുന്നുപ്പാ നിന്നോട്  ചെയ്യാമ്പറഞ്ഞത്‌ ...?" 


" നീയാ  ബായല്   ചാര്...!"


*       *       *


"നിങ്ങക്കെല്ലം ഞമ്മളെ  ചെക്കനെ ശരിക്കും ബേണാ)))))))))...!
ഓനെ നിങ്ങ  ബെലബെക്കുന്ന്ണ്ടാ))))))))...!
ഓനെ ഒരു പുതിയാപ്പിളയായിറ്റ്  ആരും കണക്കാക്കുന്നിണ്ടാ))))))))...!
പറഞ്ഞാക്കൂട്ടാക്കാത്ത ഒരു പെണ്ണിനേല്ലേ
ഓന്റെ  തലേമ്മേ കെട്ടി ബെച്ചിറ്റില്ലഉ...! "

ചൊടിച്ചുപോയ പുന്നാര "എളയാനെ" കൂട്ടികൊണ്ടരാന്‍ അയച്ച കൊച്ചളിയനോടാണ്  ഇത്രയും ഡയലോഗ്   "പുതിയാപ്പിളന്‍റെ  എളയ" വെച്ച്  ചാര്‍ത്തികൊടുത്തത് !


"ബെറുതെ ബീണ്  കിട്ട്യപോലെയല്ലേ  നിങ്ങക്ക്  പുയ്യാപ്പിളനെ കിട്ട്യഉഉ...!
ഔകൊണ്ടല്ലേ നിങ്ങക്ക്  ഓനെ  ബെലെയില്ലാത്തഉഉ...!
ഓനൊരു പാവം ആയഉകൊണ്ടല്ലേ നിങ്ങല്ലം ഓനെ ഇട്ടു തട്ടിക്കളിക്കുന്നഉ...!"

ഇത്  കീറി വിടുന്നത്  പുതിയാപ്പിളയുടെ സാക്ഷാല്‍ ഉമ്മ!


*       *       *
  
"മോനെ ബേദനിപ്പിക്കാനല്ല  ഇപ്പറഞ്ഞഒന്നും...കദീസൂ  നീ ചെക്കന് 
കൊറച്ചു  ശായീന്റെ ബെള്ളോം കായി പൊരിച്ചോം എട്ക്ക് ..."

ഡയലോഗിന്റെ കടുപ്പം താങ്ങാനാവാതെ കരഞ്ഞുപോയ കൊച്ചുചെക്കനെ
പതമുള്ള എളയാന്റെ  എളയ ആശ്വസിപ്പിച്ചിരുത്തുന്നു. (കടുപ്പവും പതവും
സ്നേഹവും ദേഷ്യവും നര്‍മ്മവും കുസൃതിയും  വികാരവും വിവേകവും ഒക്കെ ഒത്തലിഞ്ഞു ചേരുന്ന ഒരു തരം അലിസയാണ്  അന്നത്തെ മാപ്പിളമാരുടെ മനസ്സ് !)


*       *       *
മയരിബു ബാങ്ക്  കൊടുത്ത്  കൊറച്ചു  നേരം  കയിഞ്ഞപ്പോത്തന്നെ ബാതലില്‍ ഒരു മുട്ട് !


പുതിയെണ്ണ്   ബാതല്  തൊറന്നു നോക്കി.

രാവിലെ  ബായല് ചാരാത്തതിനു 
ചൊടിച്ചു  പോയ  പുന്നാര പുയ്യാപ്പള അതാ
ബായലും ചാരി നിക്ക്ന്ന്...!


*       *       *       *       *       *       *        *        *       *


പുതിയാപ്പള ഇന്ന് 
ചോറ്റിന്‌   ഇണ്ടാഉം


 
"നിങ്ങ  ഒന്ന്  ബേഗം പോയക്കരെക്ക്  പോയി നോക്കുപ്പാ...ബല്ല
നോങ്ങലോ  ഇരിമീനോ കിട്ട്ടുഓന്നോക്ക് ...!"
ബയറ്റില്‍  ബല്ലാതൊരു ചാടിക്കേറ്റവുമായി "മീഞ്ഞാകുളിയയും" പെരട്ടി  ചാരുകസാലയില്‍ 
വിശ്രമിക്കുന്ന  അമ്മോച്ചന്‍കാക്ക്‌  അമ്മായി  ഇരിക്കപ്പോറുതി കൊടുക്കുന്നില്ല


അമ്മായീന്‍റെ   ബേജാറിനു തക്ക കാരണം ഉണ്ട്.

"പുതിയാപ്പിള  ഇന്ന് ചോറ്റിന്  ഇണ്ടാഉം..." എന്നതാണ്  പൊരയാകെ ഇളക്കിമറിക്കുന്ന
കാര്യം!
 ഉടുംബുന്തലക്കാരുടെ പണ്ടത്തെ പുതിയാപ്പളമാര്‍  "ഉച്ചക്കത്തെ ചോറ്റിന്" ബീട്ടില്  നിക്കാറു പതിവില്ല. അതിരാബിലത്തെ നാടന്‍ മുട്ടയും, കൊറച്ചു കയിഞ്ഞിട്ടുള്ള അരക്കാസ്സ
നെയ്‌ ച്ചോറ്റിന്റെ കഞ്ഞീം, "കത്തലി"ന്റെ    ഒരട്ടി പത്തിലും പൊയാമീന്‍ കറിയും അകത്താക്കിയ ശേഷം നേരെ  "പോരക്കേക്ക് " ബിടാറാണ്  പതിവ്. പിന്നെ  മയരിബ്  കയിഞ്ഞിറ്റേ ബീട്ടിലേക്ക്  തിരിക്കൂ.


ചെലപ്പം ചെലെ പുതിയാപ്പളമാറ്  ഒരു പൂതിക്ക്‌  പുതിയെണ്ണിനോട്  പറയും, "ഞാനിന്നു ഈടത്തന്നെ കൂടാംബോന്നു...ഉച്ച കയിഞ്ഞിറ്റേ പോരക്കേക്ക്  പോന്നുള്ള്...!"
 ചോറ്റിന്  ഒരു നല്ല കറി ബെക്കാനാണ് അമ്മായി കെടന്നു വെപ്രാളപ്പെടുന്നത്‌.
*       *       *
"നിങ്ങ എന്തിന്ന്‍  ഇരുത്തോപ്പാ ഈ ഇരിക്കുന്ന് ...! പോയക്കരെ പൊയിറ്റ്  നല്ല നോങ്ങല് തന്നെ  മാങ്ങാന്‍ നോക്ക്...!" അമ്മായി  അമ്മോച്ചന്‍കാനെ  കുത്തിപ്പൊക്കുന്നു.
"പുതിയാപ്പള എറിയന്‍  കൂട്ട്വോളീ...?"  അമ്മോച്ചന്‍ കാക്ക്‌  ഒരു തംശയം!  എറിയന്‍  രുചിയില്‍  കേമനാണ് . എന്നാല്‍  ചെല പുതിയാപ്പിള മാര്‍ എറിയനെ  കാണുമ്പം  തന്നെ
അങ്കലാപ്പിലായിപ്പോകും. കാഴ്ചക്ക്  അത്ര സുന്ദരനല്ല എറിയന്‍!.........


"ഞാനൊന്ന്   പൊറത്തേക്ക്   നടന്നിട്ട്  ബെരുന്നു...!" പെട്ടെന്ന്   അറെന്റെ  ഉളളുന്ന് എറങ്ങി  ബന്നിറ്റ്   പുതിയാപ്പിള  നേട്ടപ്രാണ  നടിത്തിയ ഈ  അന്നൌണ്‍സ്‌ മെന്റ്  കേട്ട അമ്മോച്ചങ്ക ഒന്ന് ഞെട്ടി.
"ആയിക്കോട്ട്‌..." അമ്മോച്ചങ്ക  ആരോടെന്നില്ലാതെ പറഞ്ഞുപോയി.

*       *       *
നെഞ്ചിന്നുള്ളിലെ  എടങ്ങേറ്  ശരിക്കും അങ്ങ്  മാറിയിട്ടില്ല.
പോയക്കരികത്തെക്ക്  പോകാതിരിക്കാനും കെട്ട്യോള്  ബിടൂല്ല! 
നാലഞ്ചു  തുള്ളി  "മീഞ്ഞാകുളിയ"  നെഞ്ചില്‍ പെരട്ടി എണീക്കാന്‍ നോക്കുംബക്ക്  അതാ ഒരു കായ്ച്ച!


ചാഞ്ഞും  ചെരിഞ്ഞും  അതാ സ്വന്തം പുതിയാപ്പിള ദൂരേന്നു നടന്നു ബരുന്നു!  കയ്യിലെന്തോ  തൂക്കിപ്പിടിചിട്ടുണ്ടല്ലാ  ഞമ്മള  പുതിയാപ്പള!
പടച്ചോനെ, ഒരു    ബല്ല്യ  കോപ്പ  ഇരിമീന്‍! 
ഒരു മൂന്നു നാല്  റാത്തല്  തൂക്കം ബരുന്ന 
ഒരു ബല്ല്യ  ഇരിമീന്‍റെ   കോപ്പ!

"നീ ഇങ്ങോട്ട്  ബന്നു നോക്കെന്‍റെ  സൈനൂ...ഞമ്മളെ പുതിയാപ്പിളന്‍റെ  ഒരു ബരവ് ...! " അമ്മോച്ചങ്ക പെരിത്ത്  സന്തോശത്തോടെ  സ്വന്തം "ഓളെ"യും കൂടി ആ കായ്ച്ച കാണാന്‍ ബിളിച്ച്.

"ഞമ്മളെ മോക്ക്  കിട്ട്യത്  നല്ലെ പിരിശം ബെക്കുന്ന പുതിയാപ്പിളനെ  തന്നെ...പടച്ചോന്റെ    കൃവ...!"
അമ്മായി മീന്‍ മുറിക്കാനുള്ള കത്തിയുടെ പിറകെ പോയി. 
*       *       *
 "മീന്‍ പൊരിച്ചഉ  ഒന്നും കൂടി എടുത്തു  കൂട്ടറാ...!" ഉച്ചക്കത്തെ 
ചോറ്  ബെയിച്ചു  കൊണ്ടിരിക്കുന്ന പുതിയാപ്പളനെ,
ബായലിന്‍റെ  അരികും  പിടിച്ചു നിന്നോണ്ട്  അമ്മായി  ഉഷാറാക്കുന്നു!

ചാടിക്കേറ്റത്തിന്‍റെ  മേലിക്ക്  ചങ്ക് 
കൂച്ചലും കൂടി കയറിപ്പിടിച്ച
അമ്മോച്ചങ്ക  മീഞ്ഞാകുളിയന്‍റെ  കുപ്പിയും പിടിച്ചോണ്ട്  ചാരുകസാലയില്‍   എല്ലാം  നോക്കിയും കണ്ടും മുണ്ടാണ്ടിരിക്കുന്നു!


*       *       *





ഉടുംബുന്തലക്കാരുടെ "  ചിങ്കത്തൂരെ " 
   പു തിയാപ്പള അമ്മോച്ചങ്കാന്‍റെ     
"   കടച്ചലും  കൂച്ചലും "  മാറ്റാന്‍  കൊണ്ടരുന്ന  ഉശിരന്‍  "   മീശക്കാരന്‍  തൈലം "
*       *       *


ഉടുംബുന്തലക്കാരുടെ  മലായിക്കാരന്‍
പുതിയാപ്പ ള   അമ്മോച്ചങ്കാന്‍റെ
"  നെഞ്ഞുംമെപ്പിടുത്തോം  ചാടിക്കേറ്റോം "
                  തുരത്താന്‍   കൊണ്ടരുന്ന പേരുകേട്ട
                                    "മീഞ്ഞാ കുളിയ "


"  എന്ടിത്തിത്താന്ടേം എളയാന്ടേം  മംഗലത്തിനു
കത്തിച്ചഉ    ഇമ്മാതിരി  ക്ലാസ്സലേറ്റ് ...! "


 

  *       *       *


ഉടുംബുന്തലക്കാരുടെ ചിങ്കത്തൂരിലെ പുതിയാപ്പള  അമ്മായിക്ക്   ചെന്നിക്കുത്തിന്   തേക്കാന്‍
കൊടുക്കുന്ന  "   തലബേദനന്‍റെ "    മര്ന്ന്‍


Print

No comments:

statcounter